കൊലപാതകത്തെ ഏറ്റുമുട്ടലാക്കിയ പോലീസ് ഉദ്യാഗസ്ഥരെ ശിക്ഷിക്കാനുള്ള കോടതി വിധി സ്വാഗതാർഹം
പോലീസ് ഉള്‍പ്പെട്ട കൊലപാതകങ്ങള്‍ക്ക് പലപ്പോഴും ഏറ്റുമുട്ടല്‍ എന്ന നിയമപരിരക്ഷ ലഭിക്കാറാണുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം മഥുരയിലെ വിചാരണ കോടതി, രാജസ്ഥാനിലെ ഭരത്പൂര്‍ നാട്ടുരാജ്യത്തെ തലവനായ രാം മാന്‍ സിംഗിനെയും അദ്ധേഹത്തിന്റെ 2 സഹയാത്രികരെയും 1985 ല്‍ കൊലപ്പെടുത്തിയ കേസില്‍ ഡി എസ് പി അടക്കം 11 പേരെ പ്രതി ചേര്‍ത്ത് കൊണ്ട് പുറപ്പെടുവിച്ച വിധി അപൂര്‍വ്വവും വ്യത്യസ്തവുമായിരുന്നു. നിയമസംവിധാനത്തിലെ വീഴ്ചയെ തുറന്നുകാട്ടിയ പ്രസ്തുത വിധി സ്തുത്യര്‍ഹമാണെങ്കിലും നീതി ലഭ്യമാക്കുന്നതിലെ അവധാനത വിചാരണക്ക് വിധേയമാവുക തന്നെ വേണം. ഒരു കേസ് തീര്‍പ്പാക്കാന്‍ 35 വര്‍ഷത്തെ നീണ്ട കാലാവധി വേണ്ടി വന്നു എങ്കില്‍ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ മെല്ലെപ്പോക്കിനെയാണ് കാണിക്കുന്നത്. വൈകി നീതി നടപ്പിലാക്കപ്പെട്ട കേസുകള്‍ ഇന്ത്യന്‍ ജുഡീഷ്യല്‍ ചരിത്രത്തില്‍ ഇതുപോലെ ഒരുപാടുണ്ടായിട്ടുണ്ട്. 1975 ജനുവരിയില്‍ കൊല്ലപ്പെട്ട റെയില്‍വേ മന്ത്രി എല്‍. എന്‍ മിശ്രയുടെ ഘാതകര്‍ക്ക് ശിക്ഷ നടപ്പിലാക്കിയത് 39 വര്‍ഷം കഴിഞ്ഞ് 2014 ലാണ്. 1987 ല്‍ 40 മുസ്ലിംകളെ കൂട്ടക്കുരുതി നടത്തിയ ഹാഷിംപുര സംഭവത്തിലെ അക്രമകാരികളെ 2015 ല്‍ കുറ്റവിമുക്തരാക്കി. കേസ് പുനഃപരിശോദിച്ച കോടതി 3 വര്‍ഷം കഴിഞ്ഞ 16 പേരെ കുറ്റക്കാരായി കണ്ടെത്തി. വൈകിയാണെങ്കിലും നീതി നടപ്പിലായതില്‍ സന്തോഷിക്കാന്‍ വകയുണ്ട്. എങ്കില്‍ കൂടിയും ഇമ്പ്യുനിറ്റി (ഒരാളുടെ പദവി കാരണം നിയമങ്ങള്‍ അയാള്‍ക്ക് ബാധകമാകാതിരിക്കുന്ന അവസ്ഥ) യുടെ പേരില്‍ കാലങ്ങളോളം നീതി നിഷേധിക്കപ്പെടുന്നത് ഖേദകരം തന്നെ. ഭാഗ്യവശാല്‍, വൈകിയ വിധി കേസിനെ ബാധിച്ചില്ല.എന്നാല്‍, വിചാരണയിലെ കാലതാമസം കേസ് തേഞ്ഞുമാഞ്ഞു പോവാന്‍ പലപ്പോഴും കാരണമാവാറുണ്ട്.
1985 ഫെബ്രുവരി 21 ന് ഒരു തിരഞ്ഞെടുപ്പ് കാലത്ത് നടന്ന കൊലപാതകം ഏറ്റുമുട്ടലാക്കി തള്ളിക്കളയാനായിരുന്നു ശ്രമിച്ചത്. കൊലപാതകത്തിന്റെ തലേ ദിവസം തന്റെ പാർട്ടി പതാകയെ വികൃതമാക്കി എന്നതിന്റെ പേരിൽ കലിയിളകിയ രാം സിംഗ് കോൺഗ്രസ് സമരപ്പന്തലിനെ പൊളിച്ചുനശിപ്പിക്കുകയായിരുന്നു. അന്നത്തെ കോൺഗ്രസ് മുഖ്യമന്തി ശിവ് ചരൺ മധുറിന്റെ ഹെലികോപ്റ്റർ തകർക്കാനും രാം തയ്യാറായി. എന്നാൽ തൊട്ടടുത്ത ദിവസം നിയമത്തിന് മുന്നിൽ കീഴടങ്ങാൻ പോയ രാമിനെ പോലിസ് സംഘം വളഞ്ഞു കാറിലേക്ക് വെടിയുതിർത്ത് രാമടക്കം 3 പേരെ കൊല്ലുകയായിരുന്നു. എന്നാൽ രാം നിരായുധനായിരുന്നു എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശിവ് ചരണിനോട് രാജി വെക്കാൻ ആവശ്യപ്പെട്ടു.പിന്നീട് അന്വേഷണം സി ബി ഐക്ക് വിട്ടുകൊടുത്തു;തുടർന്ന് സുപ്രീം കോടതി യു പിയിലെ മധുരയിലേക്ക് വിചാരണയെ മാറ്റി. പോലീസുകാർ മൊത്തം ഗൂഢാലോചന നടത്തിയിരുന്നെങ്കിൽ ഇങ്ങനെയൊരു കൊലപാതകം നടന്നതായി ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കില്ലായിരുന്നു. കോൺഗ്രെസ്സിനേറ്റ തിരിച്ചടിയായി ഇന്നും ഈ സംഭവം അവശേഷിക്കുന്നു.