വർണങ്ങളും അക്ഷരങ്ങളുമില്ലാത്ത ലോകം, മിന്നാമിനുങ്ങുകളുടെ ഇത്തിരിവെട്ടം പോലുമില്ലാത്ത രാവുകൾ,മനുഷ്യത്വം മരവിക്കാത്ത മനസുകൾ എപ്പേഴെങ്കിലും താഴേക്കെറിയുന്ന ഔദാര്യ പൊതികൾ പങ്കിട്ടെടുക്കാൻ കടിപിടികൂടുന്നവർ,പുതിയവക്ക് ഇടം നൽകാനായി അലമാരകളിൽ നിന്ന് പടിയിറക്കപ്പെട്ട വസ്ത്രങ്ങൾ ആണ്ടിലൊരിക്കൽ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവർ, അവസാനം തല ചായ്ക്കാനായി ആറടി മണ്ണിന് പോലും അവകാശമില്ലാത്തവർ ,പ്രൈമറി ക്ലാസുകളിലെ
പാഠപുസ്തകത്താളുകളിൽ തെളിഞ്ഞ രൂപങ്ങൾ.അവർക്കെല്ലാം ഒരേ പേരായിരുന്നു. റെഫ്യൂജി…… അഭയാർത്ഥി…….
പിറന്ന നാടും വീടും അവർക്കന്യമായ തെങ്ങനെയെന്ന് പല തവണ ചിന്തിച്ചിട്ടുണ്ട്.റാഖിനയിലെ ശുഹായതും സിറിയയിലെ ഐലൻ കുർദിയും ദിവസങ്ങളോളം പേക്കിനാവുകളായെങ്കിലും പുതിയ ഉദയങ്ങളിൽ അവരും മാഞ്ഞു പോയിക്കൊണ്ടിരുന്നു. ജനാധിപത്യ മതേതര ഭാരതത്തിലുള്ള പ്രത്യാശകൾ നിറഞ്ഞ അന്തരീക്ഷത്തിൽ ജീവിച്ചിരുന്നവർക്ക് അത്തരം സാഹചര്യങ്ങൾ ദു: സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം.
കാലചക്രത്തിന്റെ വേഗത ക്കനുസരിച്ച് ചുറ്റുപാടും മാറിക്കൊണ്ടിരുന്നത് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല .ഭയത്തിന്റെ മേഘങ്ങൾ അവിടവിടെയായി ഉരുണ്ടുകൂടാൻ തുടങ്ങിയിരുന്നു. .കഴിച്ച ഭക്ഷണം എന്തായിരുന്നുവെന്നറിയാൻ എച്ചിൽക്കൂനകൾ തിരഞ്ഞവർ പക്ഷെ ശൂന്യമായ വയറിന്റെ എരിച്ചിൽ കണ്ടിട്ടുണ്ടാവില്ല.ഗോ മാതാവിന്റെ രക്ഷകരായി അവതരിച്ചവർ ചവിട്ടിമെതിച്ച കോലങ്ങളിൽ നിന്നും ആത്മാക്കൾ വേർപെട്ടു പോയി. ശീതക്കാറ്റിൽ മരവിച്ച ശരീരവും മനസുമായി അവർ ചുരുണ്ടു കൂടുമ്പോൾ അധികാരത്തിന്റെ ഇടനാഴികളിൽ പശുക്കൾക്ക് കമ്പിളി വിതരണം നടത്താനുള്ള ചർച്ചകളായിരുന്നു.
ഭയം അപ്പോഴേക്കും പെയ്യാൻ തുടങ്ങിയിരുന്നു.തിരുത്താൻ ശ്രമിക്കുന്നവരെ ഓരോന്നായി വെട്ടിമാറ്റുമ്പോഴും വെടിവെച്ചിടുമ്പോഴും എതിർശബ്ദങ്ങൾ ഒറ്റപ്പെട്ടു പോവുന്നുണ്ടായിരുന്നു. തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിൽ അത്രയും കാലം മുണ്ട് മുറുക്കിയെടുത്ത് സ്വരൂപിച്ച വിയർപ്പുതുള്ളികളാണ് ഒലിച്ചുപോയത്. ഒറ്റ രാത്രി കൊണ്ട് നിരോധിക്കപ്പെട്ട അവ മാറിയെടുക്കാൻ വേണ്ടി വരി നിന്ന് പലരുംജീവൻ വെടിഞ്ഞപ്പോഴും നിശബ്ദതയായിരുന്നു ബാക്കിയായത്.കാരണം അവരുടെ വായകൾ രാജ്യസ്നേഹത്തിന്റെ മുദ്രകളാൽ ബന്ധിതമായിരുന്നു.
രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് പതിറ്റാണ്ടുകൾക്ക് ശേഷവും അവർ വെടിയുതിർത്തു കൊണ്ടേയിരുന്നു. കൊലയാളി ദൈവമായി മാറുന്നതും ആശ്ചര്യത്തോടെയാണ് കണ്ടു നിന്നത്. അവസാനമായി ‘ഹേ റാം ‘ എന്നുരുവിട്ട് നിലംപതിച്ച അഹിംസയുടെ മുന്നണി പോരാളിയെ വീഴ്ത്തിയവർ ഇന്ന് “ജയ് ശ്രീറാം “വിളിക്കാത്തവരെ കൊന്നു തള്ളുന്നു.സങ്കടത്തോടെ വാ തുറക്കാൻ ശ്രമിച്ചവർ കാണുന്നതോ പാകിസ്ഥാനിലേക്കുള്ള ചൂണ്ടുപലകകളും.
കാശ്മീരും കാശ്മീരിയ്യതും പിച്ചിച്ചീന്തപ്പെട്ടപ്പോഴും നാം സമാധാനിച്ചു, ഇന്ത്യയുടെ സംസ്ഥാനങ്ങൾക്കിടയിൽ സമത്വം പാലിക്കപ്പെട്ടതോർത്ത്.ഒന്ന് പൊട്ടിച്ചിരിക്കാൻ കൂടി കഴിയാതെ അവിടത്തെ കുഞ്ഞു ബാല്യങ്ങൾ മാത്രമല്ല ,ഭൂമിയിലെ ആ സ്വർഗത്തിലെ ഇളം കാറ്റു പോലും ‘വീട്ടുതടങ്കലിലായിരുന്നിരിക്കും.
മുത്തലാഖ് നിരോധിച്ച് മുസ്ലിം സ്ത്രീകളുടെ സംരക്ഷകരാകാൻ അമ്പത്താറിഞ്ച് നെഞ്ച് വിരിച്ച് ചിലർ രംഗത്ത് വന്നപ്പോൾ ഉറ്റവരെയും ഒറ്റുകാരെയും തിരിച്ചറിയാനാവാതെ തല താഴ്ത്തിപ്പോയി. പ്രതികരിക്കുന്നവരെയെല്ലാം സ്ത്രീവിരുദ്ധരും യാഥാസ്തികരുമാക്കാൻ മത്സരമായിരുന്നു. ഭയം പെരുവിരലിലൂടെ മുകളിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു.
പിന്നെ കേട്ടു ,ആസാമിൽ ഒരുപാട് അനധികൃത കുടിയേറ്റക്കാരുണ്ടെന്ന്. അവരെ പിടിക്കാൻ ഒരു അരിപ്പ തയ്യാറാക്കുന്നുണ്ടെന്ന്. അരിച്ച് കിട്ടിയ പത്തൊമ്പത് ലക്ഷത്തിൽ മുസ്ലീങ്ങളൊഴിച്ചുള്ള വരെകടത്തിവിടാൻ പാകത്തിൽ കണ്ണികൾ ഇത്തിരി മാറ്റിത്തിരിച്ചതാണ് സി.എ.എ.. അല്ലെങ്കിലും ബ്രഹ്മപുത്രാ നദിയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്നെട്ടോട്ടമോടുന്നവരുടെ കയ്യിൽ സ്വന്തം പേര് പോലും തെളിയിക്കാനുള്ള രേഖകൾ ഉണ്ടെങ്കിലാണ് അത്ഭുതം. അപ്പോഴേക്കും ലക്ഷ്യം വ്യക്തമായിത്തുടങ്ങിയിരുന്നു..
രാജ്യവ്യാപകമായി ആസാം മാതൃക നടപ്പിലാക്കുമെന്ന പ്രഖ്യാപനം വന്നു. തൊട്ടടുത്ത തെരഞ്ഞെടുക്കപ്പെട്ട മൂന്നു രാജ്യങ്ങളിലെ മുസ്ലിങ്ങളല്ലാത്ത പീഡിത ന്യൂനപക്ഷ( പീഡനം തെളിയിക്കുന്ന രേഖകൾ....?!! ) ത്തിനും കിട്ടും പൗരത്വമെന്ന അപ്പക്കഷ്ണം. നൂറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിച്ചവരുടെയും വൈദേശികർക്കെതിരെ നെഞ്ചു വിരിച്ച് പോരാടിയവരുടെയും ഈ മണ്ണിൽ പിടഞ്ഞു വീണവരുടെയും പിൻതലമുറക്ക്,ത്രിവർണ പതാക രോമാഞ്ചത്തോടെ നെഞ്ചിലേറ്റിയവർക്ക്, പാരമ്പര്യമായി കിട്ടിയ പൗരത്വാവകാശം തെളിയിക്കാൻ അപ്പനപ്പൂപ്പൻമാരുടെ രേഖകളുടെ കല്ലറകൾ വരെ തുറക്കേണ്ടി വരുമത്രെ.
രേഖകളുടെ കെട്ടുകൾ കാണിക്കാത്തവരെയും കാണിച്ചിട്ടും അധികാരികൾക്ക് ബോധ്യപ്പെടാത്തവരെയും പാർപ്പിക്കാൻ ഡിറ്റൻഷൻ ക്യാമ്പുകളെന്ന് വിളിക്കപ്പെടുന്ന തടങ്കൽ പാളയങ്ങളുമൊരുങ്ങുന്നുണ്ട്. ഭയത്തിന്റെ നീരാളിക്കൈകൾ തൊണ്ടയിൽ പിടിമുറുക്കിയപ്പോൾ മനസി ലാകുന്നുണ്ട്, റെഫ്യൂജി എന്നാൽ എന്താണെന്ന്.അഭയാർത്ഥി..... ഭയത്തിന്റെ കരി നിഴലുകൾ എത്തി നോക്കാത്തയിടം തേടി അലയേണ്ടി വന്നവർ'.....
ചേറിൽ ഉഴുതുമറിച്ച് ഉണ്ടാക്കിയ വിയർപ്പിന്റെ രുചിയുള്ള ചോറുരളകൾ അപ്പോഴേക്കും നമുക്ക ന്യമായിത്തുടങ്ങിയിരുന്നല്ലോ. തോടിൻ വക്കത്ത് ഭക്തിയുടെ മരം പാകിയ സ്രാമ്പികൾ ചിതലരിച്ചു തുടങ്ങിയിരിക്കുന്നു. വേരുകൾ അന്വേഷിച്ച് പോവുകയേ രക്ഷയുള്ളൂ.പുഛത്തോടെ വലിച്ചെറിഞ്ഞത് എത്ര പുറകോട്ട് പോയാലായിരിക്കും തിരിച്ചു കിട്ടുക.
സന്തോഷമോ ദുഃഖമോ പങ്കിടാൻ വേണ്ടിയുള്ള സംഗമങ്ങളിലെല്ലാം ഇന്ന് ഭീതിയോടെയുള്ള ചർച്ചകൾ മാത്രം.താൻ ജനിക്കുന്നതിനും വർഷങ്ങൾക്ക് മുമ്പ് ഇന്ത്യൻ കരസേനയിൽ ജോലി ചെയ്തിരുന്ന ഉപ്പൂപ്പയുടെ രേഖകൾ തപ്പിയെടുത്ത് ആശ്വാസത്തോടെ ഉമ്മ ചിരിച്ചു.അപ്പോഴാണ് കേൾക്കുന്നത് മുപ്പത് വർഷം ഇന്ത്യക്ക് വേണ്ടി ജീവൻ പണയം വെച്ച് പോരാടിയതിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ മുഹമ്മദ് സനാഉള്ള എന്ന സൈനികനെ വരെ ഡിറ്റൻഷൻ ക്യാമ്പിലടച്ചെന്ന്. 1974 മുതൽ 77 വരെ രാഷ്ട്രപതിയായിരുന്ന ഫഖ്റുദ്ദീൻ അലി അഹ്മദിന്റെ പിൻമുറക്കാരും പൗരത്വ പട്ടികയിൽ നിന്ന്പുറത്താണത്രെ.സമാധാനത്തോടെ ചെന്നു കിടക്കാനുള്ള ആറടി മണ്ണു പോലും ഒലിച്ചു പോകുമോ എന്ന ആശങ്കയിൽ ഉരുകുന്നവരെ ആശ്വസിപ്പിക്കാൻ ആർക്ക് കഴിയും?
സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാതെ ചേരികളിൽ അന്തിയുറങ്ങുന്നവർക്ക് ഒരു നേരത്തെ അന്നം അടിയാധാരത്തേക്കാൾ വലുതായിരിക്കും.
ഭീതിയുടെ മരവിപ്പിനെ മറികടന്ന് ജാമിഅയിൽ നിന്ന് വീശിയ കാറ്റ് ഇന്ത്യയൊന്നാകെ അലയടിക്കുമ്പോൾ പ്രത്യാശയുണ്ട്, അർദ്ധനഗ്നനായ ഫക്കീറിന്റെ രക്തസാക്ഷിത്വം വെറുതെയായിട്ടില്ലെന്ന്. പുതിയ പുതിയ ചന്ദ്രശേഖർ ആസാദുമാർ അതിക്രമികൾക്ക് മുന്നിൽ മീശ പിരിക്കുമ്പോൾ പ്രതീക്ഷയുണ്ട് നാനാത്വത്തിൽ ഏകത്വവുമേന്തി ത്രിവർണ പതാക ഇനിയും യുഗങ്ങളോളം വാനിലുയരുമെന്ന് .ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ വേട്ടക്കാരനുമായുള്ള അത്ഭുതകരമായ സാമ്യങ്ങൾ കണ്ടും പകച്ചു പോവാത്തത് ചരിത്രത്താളുകളിൽ കോറിയിടപ്പെട്ട അയാളുടെ ഭീരുത്വം നിറഞ്ഞ അന്ത്യമോർത്തിട്ട് തന്നെയാണ്.
രണ്ടായിരത്തി ഇരുപതിന്റെ ആരംഭ നിമിഷങ്ങളിൽ അസ്ഥി തുളക്കുന്ന കൊടും തണുപ്പിനെ അവഗണിച്ചും ഡൽഹി ഷാഹിൻ ബാഗിലും ഇന്ത്യാ ഗേറ്റിലും തടിച്ചുകൂടിയ ജനസാഗരം പറയുന്നു, സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ത്യജിച്ചതിന്റെ പേരിൽ ഇന്ത്യാ ഗേറ്റിൽ കൊത്തിവെക്കപ്പെട്ട തൊണ്ണൂറായിരം നാമങ്ങളിൽ അറുപത് ശതമാനം വരുന്നവരുടെ പിൻമുറക്കാർ ഒരിക്കലും അഭയാർത്ഥികളാവില്ല എന്ന്. കേൾക്കുന്നില്ലേ…
“ഹാ ജാൻ സേ പ്യാരീ ആസാദീ…..
ഹം ലേകേ രഹേംഗേ ആസാദീ…… “.