പ്രവാസ സാഹിത്യം എന്നത് ഒരു സാഹിത്യ വിഭാഗമായി മാറിയിരിക്കുന്നു. ഗൾഫ് കുടിയേറ്റം സൃഷ്ടിച്ച സാമൂഹിക സാംസ്കാരിക പ്രതിഫലനങ്ങളെ ‘ദൈവത്തിന്റെ വികൃതികൾ’ എന്ന നോവലിലൂടെ എം. മുകുന്ദൻ വരച്ചിടുന്നുണ്ട്. ഗൾഫ് പ്രവാഹം തുടങ്ങിയ 70 കാലങ്ങളിലേ പ്രവാസി അനുഭവിക്കുന്ന ഏകാന്തതയും വേദനയും കത്തുപാട്ടുകളായി സാഹിത്യ രംഗത്ത് ഇടം പിടിച്ചിരുന്നു. സ്വപ്നങ്ങൾക്ക് ചിറകുതേടി കടൽ കടന്നവർ. അന്നത്തിന് വക കണ്ടെത്താന് സ്വയം ഉരുകിത്തീരാൻ വിധിക്കപ്പെട്ടവർ. ദാമ്പത്യ ജീവിതത്തിന്റെ മധു നുകരും മുമ്പേ മണലാരുണ്യത്തിന്റെ താപം പേറി നടന്നവർ. പെറ്റുമ്മയുടെ രോദനത്തിന് മുന്നിൽ പകച്ചു നിന്നവർ. ഏഴാം കടലിനക്കരെ, കരയേറാൻ തുഴഞ്ഞു ചെന്നവരുടെ കണ്ണീരിൽ ചാലിച്ച കഥനകഥയ്ക്ക് 5 പതിറ്റാണ്ടിന്റെ പഴക്കമുണ്ട്…
ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ ചെറിയ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസി, പ്രാരാബ്ധത്തിന്റെ ഭാണ്ഡവുമായാണ് തിരിച്ചുപോവുക. കടലിനക്കരെ ഏകാന്തതയുടെ കനൽക്കയങ്ങളിൽ നാളുകൾ തള്ളിനീക്കി ഒടുവിൽ കുടുംബത്തോടൊപ്പം ജീവിക്കാനുള്ള കൊതിയോടെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയാൽ അവഗണയുടെ പൂമാലയാണ് പടിവാതിൽക്കൽ കാത്തിരിപ്പുണ്ടാവുക. പ്രവാസ ജീവിതം ഒടുക്കിയതിന്റെ പേരിൽ ഭാര്യയും മക്കളും വീട്ടിൽ കയറാൻ കൂട്ടാക്കാതിരുന്ന കഥകൾ നാം വായിച്ചതാണ്.
മരുഭൂവിൽ ഹോമിക്കപ്പെടുന്ന ജീവിത യാഥാർഥ്യങ്ങളെ ‘ഗൾഫുകാരൻ’ എന്ന സ്റ്റാറ്റസ് സിമ്പലിന് പിന്നിൽ നാം വിസ്മരിച്ചുകളയുകയാണ് ഒരുപക്ഷെ, അത്തരമൊരു സ്റ്റാറ്റസ് സിമ്പൽ രൂപപ്പെടുത്തിയ സാഹചര്യമാവാം അവരെ പ്രവാസലോകത്തേക്ക് ആട്ടിപ്പായിക്കുന്നത്.
മുഖ്യമന്ത്രി പറഞ്ഞതു കേട്ടില്ലേ? നട്ടെല്ലാണ് പ്രവാസികൾ.അവരെ ആക്ഷേപിക്കരുത്.വെറുതെ പറഞ്ഞതല്ല.റിസേർവ് ബാങ്ക് പുറത്തുവിടുന്ന കണക്കനുസരിച്ചു 2018-ൽ 69 ബില്യൺ ഡോളർ ആണ് ഗൾഫിൽ നിന്നും ഇന്ത്യയിലേക്ക് ഒഴുകിയത്.ഇതിൽ 13.11 ബില്യൺ ഡോളറും(95000 കോടി രൂപ) കേരളത്തിലേക്കുള്ള സംഭാവനയാണ്.പ്രവാസികളിൽ ഏറിയ പങ്കും (89.2%)ഗൾഫിൽ ജോലി ചെയ്യുന്നവരാണ്(39.% UAE, 23% സൗദി അറേബ്യ).
പലഘടകങ്ങളാൽ ഗൾഫ് ജീവിതം ദുസ്സഹമായിരിക്കുകയാണ്:എണ്ണപ്രതിസന്ധി, മധ്യേഷ്യയിലെ യുദ്ധ നൈരന്തര്യങ്ങൾ, സ്വദേശവൽക്കരണം തുടങ്ങിയവ.
ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ വിറങ്ങലിച്ചിരിക്കുകയാണ് ഗൾഫുകാർ ഏറെയും. ഗൾഫിൽ പരീക്ഷിച്ച ജോലി ഇവിടെ ജീവിക്കാൻ പര്യാപ്തമാകണമെന്നില്ല.പറയത്തക്കവിധം വ്യവസായ സ്ഥാപങ്ങളില്ലാത്ത നമ്മുടെ രാജ്യത്ത് പുതിയ തൊഴിലിടങ്ങൾ കണ്ടെത്തുക പ്രയാസമാണ്.നമ്മുടെ സമ്പദ്ഘടനയുടെ ഇന്ധനമാണ് ഗൾഫ് പണം എന്നത് കണക്കുകളിൽ നിനന്നും വ്യക്തമാണല്ലോ. കേരളത്തിന്റെ അഭിമാനബോധം നിലനിർത്തുന്നതിൽ ഗൾഫ് സാന്നിധ്യം നിസ്തുലമാണ്.
നമ്മുടെ സമ്പദ് വ്യവസ്ഥയെ സജീവമാക്കിയ പ്രവാസികൾ ദുരിതത്തിൽ അകപ്പെടുമ്പോൾ അവർക്ക് കരം പകരേണ്ടത് നമ്മുടെ ധാർമ്മിക ഉത്തരവാദിത്തമാണ്. കൊറോണയുടെ പേരിൽ സൈബർ ലോകത്തുണ്ടായ വെറുപ്പുൽപാദന ഫാക്ടറികൾ നെറികേടിന്റെ രാഷ്ട്രീയമാണ് പുറത്തെടുത്തത്. ലോകം മഹാമാരിയിൽ അകപ്പെടുമ്പോൾ നമ്മെ ആദ്യം പിടികൂടുന്നത് ഭീതിയും ഭയവുമാണ്.ഭയം കാരണം പുറത്തുള്ളതിനെക്കാൾ എത്രയോ ഇരട്ടി നാം അകത്ത് അനുഭവിക്കുമെന്ന് പ്രശസ്ത തത്വചിന്തകൻ സെനേക്ക പറഞ്ഞു വെക്കുന്നുണ്ട്. ഈയൊരവസ്ഥയിൽ സമാധാനപരവും സുരക്ഷിതവുമായ ഒരിടം കണ്ടെത്താനാണ് എല്ലാവരും പരിശ്രമിക്കുക. ക്വാറന്റൈനിൽ ഉറ്റവരില്ലാതെ തള്ളിനീക്കുന്ന സെക്കന്റുകൾക് അനന്തതയുടെ ദൈർഘ്യമുണ്ടാവും. എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വഴികൾ തേടുകയാണ് പ്രവാസികൾ. നമ്മളാണ് അവർക്ക് കരുത്തു പകരേണ്ടത്.എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളോടെ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ അധികാരികളിൽ നിന്നുണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.